This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രാവന്‍കൂര്‍ പ്ലൈവുഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രാവന്‍കൂര്‍ പ്ലൈവുഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്

1939-ല്‍ തിരുവനന്തപുരത്ത് ആരംഭിച്ച ഒരു വ്യവസായ സ്ഥാപനം. പില്ക്കാലത്ത് ഇത് ട്രാവന്‍കൂര്‍ പ്ലൈവുഡ് ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയായി രൂപാന്തരപ്പെട്ടു. ഈ വ്യവസായ സ്ഥാപനം സ്ഥാപിക്കുന്നതില്‍ മുന്‍കൈ എടുത്തു പ്രവര്‍ത്തിച്ചവരില്‍ പ്രമുഖന്‍ ഡെറാഡൂണ്‍ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. കാമേശം ആണ്. അദ്ദേഹത്തിന്റെ കീഴില്‍, ഗവണ്‍മെന്റ് ഡെവലപ്മെന്റ് വര്‍ക്ക്ഷോപ്പില്‍ പ്ലൈവുഡ് ഉത്പാദിപ്പിക്കുവാനുള്ള ഒരു റിസര്‍ച്ച് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഇത് വിജയകരമാവുകയും 1940-ല്‍ പ്ലൈവുഡിലുള്ള തേയിലപ്പെട്ടികളുടെ നിര്‍മാണം ആരംഭിക്കുകയും ചെയ്തു.

1943-ല്‍ ഈ യൂണിറ്റ് പുനലൂരിലെ മുക്കടവില്‍ ഒരു പൊതുമേഖലാ സ്ഥാപനമായി രൂപം കൊണ്ടു. ഓഹരി മൂലധനമായ 10 ലക്ഷം രൂപയില്‍ 51 ശ. മാ. അന്നത്തെ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റേതായിരുന്നു; 49 ശ. മാ. ഓഹരിയുള്ള ചിനുഭായി ആന്‍ഡ് സണ്‍സ് (ട്രാവന്‍കൂര്‍) ആയിരുന്നു മാനേജിംഗ് ഏജന്റ്. പുനലൂരില്‍ സ്ഥാപിച്ചതുകൊണ്ട് ഫാക്ടറിക്കുവേണ്ട വെള്ളമരം ഹൈറേഞ്ചുകളില്‍ നിന്നും വെള്ളം കല്ലടയാറ്റില്‍ നിന്നും ലഭിച്ചു. ഉത്പന്ന വിതരണം ചിനുഭായി ആന്‍ഡ് സണ്‍സി (ട്രാവന്‍കൂര്‍) നെ ഏല്പിച്ചിരുന്നെങ്കിലും അതിനു വിരാമമിട്ടുകൊണ്ട് 1947-ല്‍ തിരുവിതാംകൂര്‍ ഗവണ്‍മെന്റ് ഫാക്ടറിയുടെ ഭരണം ഏറ്റെടുത്തു. പ്ലൈവുഡിന്റെ ഇറക്കുമതിയില്‍ ആ വര്‍ഷം ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ തുടര്‍ന്ന് ട്രാവന്‍കൂര്‍ പ്ലൈവുഡ് ഇന്‍ഡസ്ട്രീസ് വിപണന കാര്യത്തില്‍ ശക്തമായ നിയന്ത്രണം നേടുകയും ഉത്പാദനത്തിലും ഗുണനിലവാരത്തിലും ഉയര്‍ന്ന മാനദണ്ഡങ്ങള്‍ ആര്‍ജിക്കുകയും ചെയ്തു. 1958 മാ. മാസം വരെ കമ്പനിയുടെ ഡയറക്ടര്‍, ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആയിരുന്നു. 1958-ല്‍തന്നെ ഇതിന്റെ ഭരണം സംസ്ഥാന വ്യവസായ ഡയറക്ടറേറ്റ് ഏറ്റെടുത്തു. കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (KSIDC) 1964-ല്‍ രൂപീകരിച്ചപ്പോള്‍ ഫാക്ടറിയെ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കുകയും അതിന്റെ ഭരണച്ചുമതല കോര്‍പ്പറേഷനില്‍ നിക്ഷിപ്തമാക്കുകയും ചെയ്തു.ഭരണസംവിധാനത്തിലുണ്ടായ നിരന്തരമാറ്റങ്ങള്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ അക്കാലത്ത് ഒരു തരത്തിലും ബാധിച്ചിരുന്നില്ല. കുറേ വര്‍ഷങ്ങള്‍ക്കുശേഷം ഈ ഫാക്ടറിയെ ഒരു ജോയിന്റ് സ്റ്റോക്ക് കമ്പനിയായി പ്രവര്‍ത്തിപ്പിക്കുവാന്‍ തീരുമാനിക്കുകയും 1973-നുശേഷം അതിനെ ഏഴു കമ്പനികളുടെ ഭരണച്ചുമതല നിര്‍വഹിച്ചിരുന്ന ഹോള്‍ഡിങ് കമ്പനിയായ കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ കീഴിലാക്കുകയും ചെയ്തു. വ്യാപകവും ആസൂത്രിതവുമായ സേവനം അംഗ കമ്പനികള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ഹോള്‍ഡിങ് കമ്പനിയുടെ പ്രധാന ലക്ഷ്യം.

1964-നു ശേഷം ഉദ്ദേശം രണ്ടു ദശകത്തോളം കാലം കമ്പനി ടീ ചെസ്റ്റ് പാനലുകളും ബാറ്റനുകളും ഉത്പാദിപ്പിച്ചു ലാഭമുണ്ടാക്കിയിരുന്നു. പിന്നീട് ഉത്പാദന രംഗത്തുണ്ടായ മത്സരം കാരണം കമ്പനി അതിന്റെ ഉത്പന്നങ്ങളെ വൈവിധ്യവല്‍ക്കരിക്കുവാന്‍ തയ്യാറായി. ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കമേര്‍ഷ്യല്‍ പ്ലൈവുഡ്, ബ്ലോക്ക് ബോര്‍ഡുകള്‍, ഫ്ളഷ് ബോര്‍ഡുകള്‍, ഡെക്കറേറ്റീവ് പാനലിങ് എന്നിവ നിര്‍മിക്കുന്നതിനുള്ള ഒരു ആധുനിക പ്ലാന്റ് സ്ഥാപിക്കാന്‍ വേണ്ടി 1967-ല്‍ ഒരു പദ്ധതി ആവിഷ്ക്കരിച്ചു നടപ്പിലാക്കി. ഉദ്ദേശം 12 വര്‍ഷത്തോളം കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ വലിയ പ്രശ്നങ്ങളൊന്നുമുണ്ടായില്ല. 1981-82 ലെ ലാഭം 28.84 ലക്ഷം രൂപയായിരുന്നു.

1980 വരെ ട്രാവന്‍കൂര്‍ പ്ലൈവുഡ് ഇന്‍ഡസ്ട്രീസിന് കമ്പോളത്തില്‍ ഒരു പ്രമുഖസ്ഥാനം ഉണ്ടായിരുന്നു. 1980-നു ശേഷം ആസ്സാം പ്ലൈവുഡ് സൗകര്യപ്രദമായ ബില്ലിങ് ഏര്‍പ്പാടുകളോടും ഉത്പന്നങ്ങള്‍ കടമായി നല്‍കാനുള്ള സന്നദ്ധതയോടും കൂടി കമ്പോളത്തില്‍ പ്രവേശിച്ചപ്പോള്‍ ട്രാവന്‍കൂര്‍ പ്ലൈവുഡിന്റെ നില പരുങ്ങലിലായി. കമ്പനിക്കു നേരിട്ട ആദ്യത്തെ കനത്ത തിരിച്ചടി 1982 ലാണ്. ആ വര്‍ഷം ഫാക്ടറിക്ക് വെള്ളമരം നല്‍കുന്നത് ഗവണ്‍മെന്റ് നിറുത്തലാക്കി. തുടര്‍ന്നു ഫാക്ടറിയെ വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡിന് വില്ക്കാന്‍ ആലോചിച്ചെങ്കിലും തൊഴിലാളികളുടെ എതിര്‍പ്പുമൂലം അതു നടന്നില്ല.

മുന്‍കാലത്ത് ട്രാവന്‍കൂര്‍ പ്ലൈവുഡിന് നേടാന്‍ കഴിഞ്ഞ പരമാവധി ടേണ്‍ ഓവര്‍ 1990-91- ലെ 360.95 ലക്ഷം രൂപയുടേതായിരുന്നു. 1982-83 -നുശേഷം കമ്പനി തുടര്‍ച്ചയായ നഷ്ടം നേരിടുകയായിരുന്നു. ടേണ്‍ഓവര്‍ സാരമായി കുറഞ്ഞത് 1995-96-ല്‍ (160.90 ലക്ഷം രൂപ) ആയിരുന്നു. ആ കൊല്ലം കമ്പനിക്കുണ്ടായ നഷ്ടം 125.20 ലക്ഷം രൂപയാണ്. നഷ്ടങ്ങള്‍ നികത്തിയത് കെ.എസ്.ഐ.ഇ. മുഖേന ലഭിച്ച ഫണ്ടുകള്‍ ഉപയോഗിച്ചും നിയമപരമായ കടബാധ്യതകള്‍ തീര്‍ക്കാതെയും ഉത്തമര്‍ണര്‍ക്ക് പണം കൊടുക്കാതെയുമാണ്. 1991-ല്‍ മൂലധനം പിന്‍വലിക്കാന്‍ ഉദ്ദേശിച്ച കമ്പനികളുടെ പട്ടികയില്‍ കേരള സര്‍ക്കാര്‍ ട്രാവന്‍കൂര്‍ പ്ലൈവുഡിനെയും ഉള്‍പ്പെടുത്തി. അപ്പോഴേക്കും കമ്പനിയുടെ അറ്റമൂല്യം പൂര്‍ണമായും ക്ഷയിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപനത്തെ തുടര്‍ന്നോ, സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പരസ്യം അനുസരിച്ചോ കമ്പനി ഏറ്റെടുക്കാന്‍ ആരും മുന്നോട്ടുവന്നില്ല. കമ്പനി അപ്പോള്‍ കോടതി റിസീവറുടെ നിയന്ത്രണത്തിലായിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനസംബന്ധവും ധനപരവുമായ ഭദ്രതയെക്കുറിച്ചുള്ള ഒരു പഠനം തയ്യാറാക്കാന്‍ കേരളാ ഹൈക്കോടതി 1994 ഏ. -ല്‍ ഒരു ഉപദേഷ്ടാവിനെ നിയമിച്ചു. അതിനെ ആസ്പദമാക്കി ഹോള്‍ഡിങ് കമ്പനിയായ കെ.എസ്.ഐ.ഇ. 542.21 ലക്ഷം രൂപ ഈ കമ്പനിക്കു നല്‍കണമെന്നും വില്പനനികുതിയായി അടയ്ക്കേണ്ടിയിരുന്ന 160 ലക്ഷം രൂപ ഇളവു ചെയ്യണമെന്നും അപേക്ഷിച്ചുകൊണ്ട് പുനരുജ്ജീവനത്തിനുള്ള ഒരു നിര്‍ദേശം ഗവണ്‍മെന്റിനയച്ചു. കേരള സര്‍ക്കാരില്‍നിന്നു വാങ്ങിയ പല വായ്പകള്‍ക്കുമുള്ള പലിശ ഇളവു ചെയ്യണമെന്നും അങ്ങനെ പലിശയും പിഴകളും ഇളവു ചെയ്തു കഴിഞ്ഞാല്‍ സര്‍ക്കാരിന് ചെല്ലേണ്ടതായ തുകകള്‍ അടയ്ക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും കൂടി അപേക്ഷിക്കുകയുണ്ടായി.

അസംസ്കൃതസാധനങ്ങളുടെ കുറവും ശരിയായ മാനേജ്മെന്റിന്റെ അഭാവവുമാണ് ഈ വ്യവസായത്തിന്റെ നിരാശാജനകമായ പ്രവര്‍ത്തനത്തിന് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടത്. സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡ് പ്രസിദ്ധീകരിച്ച 'ഇക്കണോമിക് റിവ്യൂ-1994' പ്രകാരം കേരളത്തില്‍ സോഫ്റ്റ് വുഡ് കൃഷി ചെയ്തിരുന്ന സ്ഥലം 1990-ലെ 1,239 ഹെ. -ല്‍ നിന്ന് 787 ഹെ. -റായി ചുരുങ്ങിയിരുന്നു. 1994 മാ. അവസാനം അത്തരം കൃഷിസ്ഥലം സംസ്ഥാനത്തിന്റെ വനപ്രദേശത്തിന്റെ വെറും അര ശ. മാ. മാത്രമായിരുന്നു. ചെറിയ തോതിലുള്ള പ്രവര്‍ത്തനത്തിന് ആവശ്യമായ തടി ഒരു സ്വകാര്യ വനപ്രദേശത്തില്‍ നിന്ന് നേടാന്‍ പ്ലൈവുഡ് ഇന്‍ഡസ്ട്രീസിനു സാധിച്ചു. എന്നാല്‍ അത് 1996 വരെയുള്ള ആവശ്യം നിറവേറ്റാന്‍ മാത്രമേ മതിയാവുകയുള്ളൂവെന്നു ചൂണ്ടിക്കാണിക്കപ്പെട്ടു. റബ്ബര്‍തടി ഉപയോഗിക്കാനുള്ള സാധ്യതകള്‍ വിപുലമായിരുന്നെങ്കിലും ഉത്പന്നങ്ങള്‍ കമ്പോളത്തില്‍ സ്വീകരിക്കപ്പെടാന്‍ ആവശ്യമായ സുസംഘടിതമായ ഉത്പന്ന വികസനത്തിന്റെയും വിപണനപരിശ്രമങ്ങളുടേയും അഭാവത്തില്‍ അതും കാര്യമായി നടന്നില്ല. പ്രവര്‍ത്തനമേഖലകള്‍ കൈകാര്യം ചെയ്യുന്നതിന് വിദഗ്ധന്മാരെ നിയമിക്കാത്തതുകൊണ്ട് മാനേജ്മെന്റ് വേണ്ടുവോളം ശക്തമായതുമില്ല; പ്രത്യേകിച്ചും കമ്പനി ഒരു പുനഃസംവിധാനം നടത്തിക്കൊണ്ടിരുന്ന ആ സന്ദര്‍ഭത്തില്‍.

1996 മുതലുള്ള രണ്ടുകൊല്ലത്തെ കാലാവധിക്കുള്ളില്‍ സോഫ്റ്റ് വുഡ് ലഭ്യമാണെന്നു കരുതപ്പെട്ടിരുന്ന സ്വകാര്യവനങ്ങളില്‍ നിന്ന് അതു കണ്ടെത്താന്‍ ശ്രമിക്കണമെന്നായി നിര്‍ദേശം. അതു സാധ്യമല്ലെന്നു വന്നാല്‍ പ്ലൈവുഡ് ഇന്‍ഡസ്ട്രീസ് റബ്ബര്‍തടി അടിസ്ഥാന അസംസ്കൃത വസ്തുവായി ഉപയോഗിച്ചു നിര്‍മിക്കാവുന്ന ഉത്പന്നങ്ങളുടെ നിര്‍മാണം ഘട്ടം ഘട്ടമായി വര്‍ധിപ്പിക്കുകയും അവ കമ്പോളത്തില്‍ പരീക്ഷിച്ചു നോക്കുകയും അടുത്ത രണ്ടുവര്‍ഷം കൊണ്ട് സുരക്ഷിതമായ ഒരു കമ്പോളം സൃഷ്ടിക്കാന്‍ നടപടി കൈക്കൊള്ളുകയും ചെയ്യണമെന്നായിരുന്നു മറ്റൊരു നിര്‍ദേശം. ആദ്യഘട്ടം നടപ്പിലാക്കുന്നതിന് ഗവണ്‍മെന്റ് 175.77 ലക്ഷം രൂപ നല്‍കി. 91.67 ലക്ഷം രൂപ ബാങ്കുകളില്‍ നിന്ന് ലഭ്യമാകേണ്ടിയിരുന്നു. ഗവണ്‍മെന്റ് അനുവദിക്കുന്ന ഫണ്ടും പണമായിട്ടല്ലാതെയുള്ള ആനുകൂല്യങ്ങളും ഉപയോഗപ്പെടുത്തേ രീതിയും വ്യക്തമായി നിര്‍ദേശിക്കപ്പെട്ടു. എന്നാല്‍ ബാങ്കുകളില്‍ നിന്ന് ആവശ്യമായ പിന്തുണ ആര്‍ജിക്കാന്‍ കഴിഞ്ഞില്ല. 1996-ല്‍ റിസീവറുടെ കീഴില്‍ നിന്ന് കമ്പനി മാറ്റപ്പെട്ടു.

ഇന്നു തൊഴിലാളികള്‍ ഉള്‍പ്പെടെ കമ്പനിയില്‍ ഉദ്ദേശം 350 പേര്‍ പണിയെടുക്കുന്നുണ്ട്. കഴിഞ്ഞ ഒന്നര ദശകത്തിലേറെ കാലമായി കമ്പനി നഷ്ടത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. 1996-97-ല്‍ 63.15 ലക്ഷം രൂപയുടെ ടേണ്‍ഓവറോടൊപ്പം 260.12 ലക്ഷം രൂപയുടെ നഷ്ടവും കമ്പനിക്കുണ്ടായി. 1997-98 ല്‍ കമ്പനി 102.62 ലക്ഷം രൂപയുടെ വിറ്റുവരവു നേടുകയും 147.98 ലക്ഷം രൂപാ നഷ്ടം രേഖപ്പെടുത്തുകയും ചെയ്തു. ഉത്പാദനശേഷിയുടെ ഉദ്ദേശം 40 ശ. മാ. മാത്രമാണ് കമ്പനി ഉപയോഗപ്പെടുത്തുന്നത്. 1999 മാ. 31-ന് കമ്പനിയുടെ സഞ്ചിതനഷ്ടം 18.28 കോടി രൂപയായിരുന്നു. കമ്പനിയുടെ പുനരുദ്ധാരണത്തിനായി 1998-99-ല്‍ ഗവണ്‍മെന്റ് ഒരു കോടി രൂപ നല്‍കിയിരുന്നു.

(എസ്. കൃഷ്ണയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍